കേരളം

കേരള ചരിത്രത്തിലെ ആധുനിക ഘട്ടം 18-ാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്നു. ബ്രിട്ടീഷ് കോളനി വാഴ്ച പൂര്‍ണ്ണമായതു മുതല്‍ ഇന്നു വരെയുള്ള ചരിത്രഘട്ടമാണിത്. ആധുനിക കേരള സമൂഹത്തിന്റെ രൂപവത്കരണം നടന്നതും ഈ കാലയളവിലാണ്. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം നിലവിലില്ലായിരുന്ന തിരുവിതാംകൂര്‍ ആയിരുന്നു ഈ കാലഘട്ടത്തിലെ ഏറ്റവും പ്രബലമായ
രാജ്യം.


തിരുവിതാംകൂര്‍
കേരളത്തിന്റെ തെക്കേയറ്റത്ത് പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയ്ക്കുള്ള ഫലഭൂയിഷ്ടമായ പഴയ നാട്ടുരാജ്യം. ശ്രീ വാഴുങ്കോട് (സമൃദ്ധിയുടെ നാട്) അഥവാ തിരുവാരങ്കോട് എന്നതിന്റെ ഗ്രാമ്യരൂപമായ തിരുവന്‍കോടില്‍ നിന്നാണ് തിരുവിതാംകൂര്‍ എന്ന പേരിന്റെ ഉദ്ഭവം.

എ.ഡി. ആദ്യശതകങ്ങളില്‍ ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന ഈ പ്രദേശം പിന്നീട് വേണാട് എന്നറിയപ്പെട്ടു. വേണാട് കൊച്ചി വരെ വ്യാപിച്ച് തിരുവിതാംകൂര്‍ എന്ന് പ്രസിദ്ധി നേടിയത് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ (1729 - 1758) കാലത്താണ്. രാജ്യത്തെ ആഭ്യന്തര കലഹങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ആറ്റിങ്ങല്‍, കൊല്ലം, കൊട്ടാരക്കര, കായംകുളം, അമ്പലപ്പുഴ നാട്ടുരാജ്യങ്ങള്‍ കീഴടങ്ങി തിരുവിതാംകൂര്‍ എന്ന പ്രബല രാഷ്ട്രത്തിന് അടിത്തറയൊരുക്കുകയും ചെയ്തത് മാര്‍ത്താണ്ഡവര്‍മയാണ്. തുടര്‍ന്നു ഭരിച്ച ധര്‍മ്മരാജാവ് എന്നറിയപ്പെട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മയ്ക്ക് (1758 - 1798) മൈസൂറിലെ ടിപ്പുവിന്റെ ആക്രമണത്തെ നേരിടേണ്ടി വന്നുവെങ്കിലും രാജ്യാഭിവൃദ്ധി ലക്ഷ്യമാക്കി നിരവധി ഭരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് അവിട്ടം തിരുനാള്‍ ബാലരാമവര്‍മ (1798 - 1810), റാണി ഗൗരിലക്ഷ്മീബായി (1810 - 1815) റാണി ഗൗരി പാര്‍വതീബായി (1815 - 1829), സ്വാതി തിരുനാള്‍ (1829 - 1847), ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1829 - 1860), ആയില്യം തിരുനാള്‍ (1860 - 1880), വിശാഖം തിരുനാള്‍ (1880 - 1885), ശ്രീമൂലം തിരുനാള്‍ (1885 - 1924), റാണി സേതു ലക്ഷ്മീബായി (1924 - 1931), ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ (1931 - 1949) എന്നിവര്‍ തിരുവിതാംകൂര്‍ ഭരിച്ചു. പത്മനാഭപുരവും തിരുവനന്തപുരവും ആയിരുന്നു ആധുനിക തിരുവിതാംകൂറിന്റെ തലസ്ഥാനങ്ങള്‍. തിരുവനന്തപുരത്തേക്ക് സ്ഥിരമായി തലസ്ഥാനം മാറ്റിയത് ധര്‍മരാജായാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ വേലുത്തമ്പി ദളവയും പണ്ഡിതനും സംഗീത ചക്രവര്‍ത്തിയുമായ സ്വാതി തിരുനാളും ക്ഷേത്രപ്രവേശന വിളംബരം നടത്തിയ അവസാന ഭരണാധികാരി ചിത്തിര തിരുനാളും തിരുവിതാംകൂര്‍ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടും.

1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ തിരുവിതാംകൂര്‍ സ്വതന്ത്ര രാജ്യമാകുമെന്ന ദിവാന്‍ സി. പി. രാമസ്വാമി അയ്യരുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തിനൊടുവില്‍ തിരു വിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ നിലവില്‍ വന്നു (1948 മാര്‍ച്ച്). തിരുവിതാംകൂറും കൊച്ചിയുമായി യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം 1949 ജൂലൈ 1 -നും മലബാറുമായി ചേര്‍ന്ന് കേരള സംസ്ഥാനം 1956 നവംബര്‍ 1 - നും രൂപം കൊണ്ടു. കേരള സംസ്ഥാന രൂപീകരണം വരെ തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും രാജപ്രമുഖ പദവി ചിത്തിര തിരുനാളിനായിരുന്നു.


ബ്രിട്ടീഷ് ആധിപത്യം
മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ തന്നെ വ്യാപാര ലക്ഷ്യവുമായി എത്തിയ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി 1664-ല്‍ കോഴിക്കോട് ഒരു വ്യാപാരശാല സ്ഥാപിച്ചു. 1684-ല്‍ അവര്‍ തിരുവിതാംകൂറിലെ അഞ്ചുതെങ്ങ് പ്രദേശം ആറ്റിങ്ങല്‍ റാണിയില്‍ നിന്നു സ്വന്തമാക്കി. 1695 -ല്‍ അവിടെ ഒരു കോട്ടയും പണി തീര്‍ത്തു. ഇതേകാലത്ത് തലശ്ശേരിയിലും അവര്‍ ആസ്ഥാനമുറപ്പിച്ചു. 1723 ഏപ്രിലില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തിരുവിതാംകൂറും ഉടമ്പടി സ്ഥാപിച്ചു. 1792-ല്‍ ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പു സുല്‍ത്താന്റെ കൈവശത്തു നിന്നും മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. 1791-ല്‍ കൊച്ചിയുമായും കമ്പനി ഉടമ്പടിയുണ്ടാക്കി. ഇതനുസരിച്ച് പ്രതിവര്‍ഷം കപ്പം നല്‍കി കൊച്ചി രാജാവ് ബ്രിട്ടീഷ് സാമന്തനായി. 1800 മുതല്‍ കൊച്ചി മദ്രാസിലെ ബ്രിട്ടീഷ് സര്‍ക്കാരിനു കീഴിലായി. 1795-ലെ ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറും ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. ഇതനുസരിച്ച് ഒരു ബ്രിട്ടീഷ് റസിഡെന്റ് തിരുവനന്തപുരത്തു താമസിച്ച് ഭരണമേല്‍നോട്ടം വഹിച്ചു. പ്രതിവര്‍ഷം എട്ടുലക്ഷം രൂപയായിരുന്നു തിരുവിതാംകൂര്‍ നല്‍കേണ്ടിയിരുന്ന കപ്പം. 1805-ല്‍ ഒപ്പു വച്ച ഉടമ്പടി പ്രകാരം തിരുവിതാംകൂറില്‍ ഉണ്ടാകുന്ന ആഭ്യന്തര മത്സരങ്ങളിലും ലഹളകളിലും ഇടപെടാനുള്ള അധികാരവും ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചു. ഇതോടു കൂടി ഫലത്തില്‍ കേരളം മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി.


ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരേ
ബ്രിട്ടീഷ്‌ മേല്‍ക്കോയ്മയ്‌ക്കെതിരെ സ്വാഭാവികമായും ദേശാഭിമാനികളുടെ പ്രതിഷേധമുയര്‍ന്നു. കേരള വര്‍മ പഴശ്ശിരാജാവും വേലുത്തമ്പി ദളവയും പാലിയത്തച്ഛനും ഇങ്ങനെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ആയുധമെടുത്തു. അവരുടെ വിപ്ലവങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് വിരോധവും ദേശാഭിമാനവും ജനങ്ങളില്‍ വളര്‍ത്താന്‍ അവ സഹായിച്ചു.

ബ്രിട്ടീഷുകാര്‍ മലബാറില്‍ ഏര്‍പ്പെടുത്തിയ നികുതി സമ്പ്രദായത്തിനെതിരേയായിരുന്നു കോട്ടയം രാജവംശത്തിലെ പഴശ്ശിരാജാ സായുധസമരം നടത്തിയത്. നാട്ടുരാജാക്കന്മാരില്‍ നിന്നായിരുന്നു ബ്രിട്ടീഷുകാര്‍ നികുതി പിരിച്ചത്; രാജാക്കന്മാര്‍ ജനങ്ങളില്‍ നിന്നും കോട്ടയത്തെ നികുതി പിരിക്കാനുള്ള അവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയത് പഴശ്ശിരാജാവിനുപകരം അമ്മാവനായ കുറുമ്പ്ര നാട്ടു രാജാവിനായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 1795 ജൂണ്‍ 28ന് പഴശ്ശിരാജാവ് എല്ലാനികുതി പിരിവും നിര്‍ത്തിവയ്പിച്ചു. 1793 - 1797, 1800 - 1805 കാലങ്ങളിലായി ഒട്ടേറെത്തവണ പഴശ്ശിരാജാവിന്റെ പടയാളികളും ഇംഗ്ലീഷ് സൈന്യവും ഏറ്റുമുട്ടി. വയനാടന്‍ കാടുകളിലേക്കു പിന്‍വാങ്ങി ഒളിയുദ്ധമാരംഭിച്ച പഴശ്ശിരാജാവ് 1805 നവംബര്‍ 30ന് വെടിയേറ്റു മരിച്ചു. അതോടെ അദ്ദേഹം ഉയര്‍ത്തിയ പ്രതിരോധം തകര്‍ന്നു.

തിരുവിതാംകൂറില്‍ റെസിഡന്റ് മെക്കാളെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതിനെതിരേ ദളവയായ വേലുത്തമ്പി ഉയര്‍ത്തിയ എതിര്‍പ്പ് തുറന്ന യുദ്ധത്തിലാണു കലാശിച്ചത്. കൊച്ചിയിലെ പ്രധാനമന്ത്രി പാലയത്തച്ചനുമായി ചേര്‍ന്ന് വേലുത്തമ്പി ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു. ബ്രിട്ടീഷ് മേധാവിത്തത്തിനെതിരേ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുന്ന കുണ്ടറ വിളംബരം 1809 നവംബര്‍ 11 ന് വേലുത്തമ്പി പുറപ്പെടുവിച്ചു. ജനങ്ങള്‍ ആവേശപൂര്‍വം ആ സമരാഹ്വാനം സ്വീകരിച്ചെങ്കിലും ബ്രിട്ടീഷ് സൈന്യം തിരുവിതാംകൂര്‍ സേനയുടെ ശക്തി കേന്ദ്രങ്ങള്‍ ഒന്നൊന്നായി കീഴടക്കി. പരാജയം മുന്നില്‍ കണ്ട വേലുത്തമ്പി ആത്മഹത്യ ചെയ്തു. 1812-ല്‍ വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങളായ കുറിച്യരും കുറുമ്പരും ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തുവെങ്കിലും പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടു.

പുരോഗതിയുടെ ഉദയം : തിരുവിതാംകൂര്‍

18, 19 നൂറ്റാണ്ടുകളില്‍ ഭരണരംഗത്തുണ്ടായ ആധുനിക നയങ്ങള്‍ കാരണം കേരളം സാമൂഹികപുരോഗതിയുടെ ഘട്ടത്തിലേക്കു പ്രവേശിച്ചു. തിരുവിതാംകൂറില്‍ റോഡുകളുടെ നിര്‍മാണവും നീതിന്യായ പരിഷ്കരണവും നികുതി വ്യവസ്ഥ പരിഷ്കരണവുമുണ്ടായി. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ മാര്‍ത്താണ്ഡവര്‍മയും കാര്‍ത്തിക തിരുനാളും ബലിഷ്ഠമായ രാജ്യത്തിനാണ് അടിത്തറയൊരുക്കിയത്. ഗൗരി ലക്ഷ്മീബായി, ഗൗരി പാര്‍വതീ ബായി എന്നീ റാണിമാരുടെ ഭരണകാലത്തും ഒട്ടേറെ സാമൂഹിക പരിഷ്കരണ നടപടികള്‍ ഉണ്ടായി. സ്വാതി തിരുനാള്‍ രാമവര്‍മ (1829 - 1847) യുടെ ഭരണകാലമായിരുന്നു തിരുവിതാംകൂറിന്റെ സുവര്‍ണകാലം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കമിട്ട അദ്ദേഹം കലകളുടെയും ശാസ്ത്രത്തിന്റെയും പ്രോത്സാഹകനായിരുന്നു. തിരുവനന്തപുരത്ത് 1836-ല്‍ അദ്ദേഹം വാനനിരീക്ഷണാലയം (നക്ഷത്രബംഗ്ലാവ്) ആരംഭിച്ചു. 1834-ല്‍ തിരുവനന്തപുരത്താരംഭിച്ച ഇംഗ്ലീഷ് സ്കൂള്‍ 1866-ല്‍ ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജായി മാറി. 1836-ല്‍ തിരുവിതാംകൂറില്‍ സെന്‍സസും നടന്നു.

ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് (1847 - 1860) ചാന്നാര്‍ (നാടാര്‍) സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം നല്‍കി. 1859-ല്‍ തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കു വേണ്ടി തുടങ്ങിയ സ്കൂളാണ് ഇന്നത്തെ ഗവണ്‍മെന്റ് വിമന്‍സ് കോളേജായി മാറിയത്. 1857-ല്‍ ആലപ്പുഴയിലെ തിരുവിതാംകൂറിലെ ആദ്യത്തെ പോസ്‌റ്റോഫീസും 1859-ല്‍ ആദ്യത്തെ ആധുനിക കയര്‍ ഫാക്ടറിയും തുടങ്ങി.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ (1860 - 1880) ഭരണകാലത്തുണ്ടായ പണ്ടാരപ്പാട്ട വിളംബരം (1865), ജന്മി കുടിയാന്‍ വിളംബരം (1867) എന്നിവ ഭൂവുടമാ സമ്പ്രദായത്തില്‍ ഗണ്യമായ മാറ്റം വരുത്തി. 1858-ല്‍ ദിവാനായി നിയമിതനായ സര്‍ ടി. മാധവറാവു 1872 വരെയുള്ള ഭരണകാലത്ത് ഒട്ടേറെ പുരോഗതികള്‍ക്ക് അടിത്തറയിട്ടു.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് (1885 - 1924) വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്കാണു കളമൊരുക്കിയത്. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ച ഈ കാലഘട്ടം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ തന്നെ ആദ്യത്തെ നിയമനിര്‍മ്മാണസഭയുടെ രൂപവത്കരണത്തിനും സാക്ഷിയായി. 1888-ല്‍ രൂപവത്കരിച്ച ലെജിസ്ലേറ്റീവ് കൗണ്‍സിലാണ് ശ്രീ മൂലം തിരുനാളിന്റെ ഭരണ നേട്ടങ്ങളില്‍ ഏറ്റവും പ്രമുഖം. സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ അടങ്ങിയ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യും 1904-ല്‍ ആരംഭിച്ചു. 1922-ലെ നിയമ പ്രകാരം ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗസംഖ്യ 50 ആക്കി ഉയര്‍ത്തി. സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കി.

ശ്രീമൂലം തിരുനാളിനെ തുടര്‍ന്ന് റീജന്റായി ഭരണം നടത്തിയ റാണി സേതുലക്ഷ്മീബായി 1925-ല്‍ കൊണ്ടുവന്ന നായര്‍ റഗുലേഷന്‍ നിയമം തിരുവിതാംകൂറില്‍ മരുമക്കത്തായം അവസാനിപ്പിച്ച് മക്കത്തായത്തിനു നിയമ സാധുത നല്‍കി. ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു അടുത്ത രാജാവ്.

നിയമ നിര്‍മാണസഭാ പരിഷ്കരണവും വ്യവസായവത്കരണ നയവും സാമൂഹിക പരിഷ്കരണങ്ങളും കൊണ്ട് അവിസ്മരണീയമാണ് ചിത്തിര തിരുനാളിന്റെ ഭരണകാലം. ദേശീയ സ്വാതന്ത്ര്യ സമരത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കും ഈ കാലഘട്ടം സാക്ഷിയായി. ക്ഷേത്രപ്രവേശന വിളംബരം (1936) ചിത്തിര തിരുനാളിനെ ചരിത്രത്തില്‍ സുപ്രതിഷ്ഠനാക്കി. തിരുവിതാംകൂര്‍ സര്‍വകലാശാല (1937), ഭൂപണയബാങ്ക് (1932), ട്രാവന്‍കൂര്‍ റബര്‍ വര്‍ക്‌സ്, കുണ്ടറ കളിമണ്‍ ഫാക്ടറി, പുനലൂര്‍ പ്ലൈവുഡ് ഫാക്ടറി, ഫാക്ട്, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി, സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് തുടങ്ങിയവ ഇക്കാലത്താണ് ആരംഭിച്ചത്. ഇവ നടപ്പാക്കുന്നതിനു നേത്യത്വം നല്‍കിയ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ രാഷ്ട്രീയമായി ഏറ്റുമധികം എതിര്‍ക്കപ്പെട്ട വ്യക്തികളിലൊരാളുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ തിരുവിതാംകൂറിലെ രാജവാഴ്ച
അവസാനിച്ചു.

കൊച്ചി
തിരുവിതാംകൂറിലെപ്പോലെ പുരോഗതിയുടെ വിവിധ ഘട്ടങ്ങള്‍ കൊച്ചിയിലും മലബാറിലുമുണ്ടായി. 1812 മുതല്‍ 1947 വരെ ബ്രിട്ടീഷുകാര്‍ നിയമിച്ച ദിവാന്‍മാരാണ് കൊച്ചിയുടെ ഭരണം നിര്‍വഹിച്ചത്. കേണല്‍ മണ്‍റോ (1812 - 1818), നഞ്ചപ്പയ്യ (1815 - 1825), ശേഷ ഗിരിറാവു (1825 - 1830), എടമന ശങ്കരമേനോന്‍ (1830 - 1835), വെങ്കട സുബ്ബയ്യ (1835 - 1840), ശങ്കര വാരിയര്‍ (1840 - 1856), വെങ്കട റാവു (1856 - 1860), തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനോന്‍ (1860 - 1879), തോട്ടയ്ക്കാട്ടു ഗോവിന്ദമേനോന്‍ (1879 - 1889), തിരുവെങ്കിടാചാര്യ (1889 - 1892), ജി. സുബ്രഹ്മണ്യ പിള്ള (1892 - 1896), പി. രാജഗോപാലാചാരി (1896 - 1901), എല്‍. ലോക്ക് (1901 - 1902). എന്‍. പട്ടാഭിരാമ റാവു (1902 - 1907), എ. ആര്‍. ബാനര്‍ജി (1907 - 1914), ജെ. ഡബ്ല്യു. ഭോര്‍ (1914 - 1919), ടി. വിജയരാഘവാചാരി (1919 - 1922), പി. നാരായണമേനോന്‍ (1922 - 1925), ടി. എസ്. നാരായണയ്യര്‍ (1925 - 1930), സി. ജി. ഹെര്‍ബര്‍ട്ട് (1930 - 1935), ആര്‍. കെ. ഷണ്‍മുഖം ചെട്ടി (1935 - 1941), എ. എഫ്. ഡബ്ല്യു. ഡിക്‌സണ്‍ (1941 - 1943), സര്‍ ജോര്‍ജ് ബോഗ് (1943 - 1944), സി. പി. കരുണാകര മേനോന്‍ (1944 - 1947) എന്നിവരായിരുന്നു സ്വാതന്ത്ര്യലബ്ധി വരെയുള്ള കൊച്ചി ദിവാന്‍മാര്‍.

കേണല്‍ മണ്‍റോ ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങള്‍ കൊച്ചിയെ ആധുനികതയിലേക്കു നയിച്ചു. ഠാണാദാര്‍മാര്‍ എന്ന പോലീസ് സേനയുടെ രൂപവത്കരണം, എറണാകുളത്ത് ഹജ്ജൂര്‍ കച്ചേരി സ്ഥാപിക്കല്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. ദിവാന്‍ നഞ്ചപ്പയ്യ 1821-ല്‍ അടിമകളെ ദണ്ഡിക്കുന്നതു നിരോധിച്ചു കൊണ്ട് വിളംബരം നടത്തി. പുത്തന്‍ എന്ന പുതിയ നാണയവും അദ്ദേഹം ഏര്‍പ്പെടുത്തി. ശങ്കര വാരിയരുടെ കാലത്താണ് അടിമസമ്പ്രദായം നിര്‍ത്തലാക്കിയത് (1854). 1845-ല്‍ സ്ഥാപിതമായ എലിമെന്ററി ഇംഗ്ലീഷ് സ്കൂള്‍ പില്ക്കാലത്ത് മഹാരാജാസ് കോളേജായി മാറി.

1889-ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ആദ്യത്തെ സ്കൂള്‍ തൃശ്ശൂരില്‍ സ്ഥാപിതമായി. ഷൊര്‍ണ്ണൂര്‍ - എറണാകുളം തീവണ്ടിപ്പാതയുടെ നിര്‍മാണം, എറണാകുളത്ത് ചീഫ് കോര്‍ട്ട് സ്ഥാപിക്കല്‍, കണ്ടെഴുത്തിന്റെ പൂര്‍ത്തീകരണം, പൊതുജനാരോഗ്യവകുപ്പ് രൂപവത്കരണം, എറണാകുളം നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതി തുടങ്ങിയവയിലൂടെ കൊച്ചി ആധുനികീകരിക്കപ്പെട്ടു. 1925-ല്‍ കൊച്ചിയില്‍ നിയമനിര്‍മാണസഭ നിലവില്‍ വന്നു. 1938 ജൂണ്‍ 18ന് ഹൈക്കോടതിയും ഉദ്ഘാടനം ചെയ്തു.


മലബാര്‍
ബ്രിട്ടീഷ് ഭരണത്തിലുള്ള മദ്രാസ് സംസ്ഥാനത്തിലെ ജില്ലയായിരുന്ന മലബാറിലും സമാനമായ ആധുനിക മുന്നേറ്റങ്ങളുണ്ടായി. റോഡുകളുടെയും തോട്ടങ്ങളുടെയും നിര്‍മാണത്തില്‍ ശ്രദ്ധവച്ച ബ്രിട്ടീഷ് ഭരണകൂടം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍കൈയെടുത്തു. 1848-ല്‍ ബാസല്‍ മിഷന്‍ കോഴിക്കോട്ടെ കല്ലായിയില്‍ ആരംഭിച്ച പ്രൈമറി സ്കൂളാണ് പില്‍ക്കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളേജായി മാറിയത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലുള്ള ക്രിസ്തുമത പ്രചാരകര്‍ മലയാള ഭാഷയ്ക്ക് വലിയ സംഭാവനകള്‍ നല്‍കി. മദ്രാസ് നഗരവികസന നിയമപ്രകാരം 1866, 1867 വര്‍ഷങ്ങളില്‍ കോഴിക്കോട്. തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. ഈ നേട്ടങ്ങള്‍ക്കിടയിലും ബ്രിട്ടീഷുകാരുടെ ചൂഷണം തുടരുക തന്നെയായിരുന്നു. ജന്മിമാരുടെയും അവരെ സഹായിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെയും നയങ്ങള്‍ 1836 - 1853 കാലത്ത് ഏറനാട് വള്ളുവനാടു താലൂക്കുകളില്‍ മാപ്പിളമാരുടെ കലാപങ്ങള്‍ക്കു വഴിതെളിച്ചു. ഇവയെ നേരിടാനാണ് 1854-ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് രൂപവത്കരിച്ചത്.

19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ അച്ചടി ശാലകളുടെ വ്യാപനവും പത്രങ്ങളുടെയും വിദ്യാലയങ്ങളുടെയും ആവിര്‍ഭാവവും സാഹിത്യത്തിന്റെ വികാസവും കേരളത്തെ സവിശേഷ പരിവര്‍ത്തനത്തിനു വിധേയമാക്കി. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ ഉണര്‍ച്ച ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ കേരളത്തിലും മഹാതരംഗമായി മാറി.

കേരളസംസ്ഥാനം
ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും അവയ്ക്കു പശ്ചാത്തലമായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി, ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദ ഗുരു, വൈകുണ്ഠ സ്വാമികള്‍ തുടങ്ങിയ ഒട്ടേറെ നവോത്ഥാന നായകര്‍ ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ മഹത്തായ പങ്കു വഹിച്ചു. സാമുദായിക സംഘടനകളും മറ്റു പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും നിര്‍വഹിച്ച സംഘടിതയത്‌നങ്ങളും വിദ്യാഭ്യാസപുരോഗതിയുമില്ലായിരുന്നെങ്കില്‍ ആധുനിക കേരളം സാധ്യമാകുമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തോടൊപ്പം രാജവാഴ്ചയ്‌ക്കെതിരെ ഉത്തരവാദിത്ത ഭരണത്തിനും സാമൂഹികാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങളും സ്വാതന്ത്ര്യപൂര്‍വ കേരളത്തില്‍ അരങ്ങേറി.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. ടി. കെ. നാരായണ പിള്ളയായിരുന്നു ആദ്യ മുഖ്യമന്ത്രി. ഭാരതസര്‍ക്കാരിന്റെ 1956-ലെ സംസ്ഥാന പുന:സംഘടനാ നിയമ പ്രകാരം തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകള്‍ തിരു-കൊച്ചിയില്‍ നിന്നു വേര്‍പെടുത്തി തമിഴ് നാടിനോടു (അന്ന് മദ്രാസ് സംസ്ഥാനം) ചേര്‍ത്തു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും തെക്കന്‍ കനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും കേരളത്തോടും ചേര്‍ന്നു. 1956 നവംബര്‍ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം രൂപമെടുത്തു.